ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 1

റാലി തുടങ്ങുകയാണ്, ഒരു ജനം ഒഴുകിയണയുകയായി

2023 ജൂലൈ 8
വാർവിക്ക്ഷയറിൽ UKKCA യുടെ കൺവൻഷൻ വാക്കുകൾക്ക്‌ വിവരിക്കാനാവാത്ത വിജയവുമായി സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജനബാഹുല്യവുമായി, ക്നാനായ തൃശൂർപൂരമായി കുടമാറ്റം നടത്തുന്നു.
കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള പരിപാടികളിൽ നിന്ന് ഉന്നത നിലവാരമുള്ളവ മാത്രം തെരെഞ്ഞെടുത്ത്, കൃത്യസമയത്ത് പരിപാടികൾ തീർക്കാനായി അവയിൽനിന്ന് പിന്നെയും വെട്ടിച്ചുരുക്കിയെടുത്ത ലിസ്‌റ്റിലെ കലാ പരിപാടികൾ വേദിയിൽ അവതരിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.നാലായിരത്തി അഞ്ഞൂറ് കസേരകളുണ്ടായിട്ടും ഇരിപ്പിടം കിട്ടാതെ നിന്നുകൊണ്ട് ആളുകൾ പരിപാടികൾ വീക്ഷിയ്ക്കുകയാണ്. UKKCA ട്രഷറർ റോബി മേക്കരയും UKKCYL ഡയറക്ടർ സ്മിതാ തോട്ടവും അവതാരകരായി അടുത്ത പരിപാടിയെക്കുറിച്ചുള്ള വിവരണംനൽകിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ജനറൽ സെക്രട്ടറി സിറിൾ പനങ്കാല ഓടിക്കിതച്ച് സ്റ്റേജിലെത്തി റോബിയുടെയും സ്മിതയുടെയും കാതിൽ എന്തോ പറയുന്നത്. അവതാരകർക്കിടയിൽ ആശയകുഴപ്പം. അവരുടെ മുഖത്തൊരു പരിഭ്രാന്തി.
അറിയിപ്പെത്തുകയായായി.” പത്തുമിനിട്ടുകൾക്കുശേഷം അടുത്ത കലാപരിപാടിയ്ക്കുശേഷം കൺവൻഷൻ റാലി തുടങ്ങുകയാണ്.”
UK യിലെ ക്നാനായക്കാർ തമ്മിൽ ഏറ്റവും കുറഞ്ഞസമയം കൊണ്ട് ഏറ്റവുമധികം ഫോൺവിളികൾ നടത്തിയ പതിനഞ്ച് മിനിട്ടുകളായിരുന്നു പിന്നീട്.
ഗ്രൂപ്പ് ഫോട്ടോകൾക്കും സെൽഫികൾക്കുമായി വയർ അകത്തേക്ക് വലിച്ച് പിടിച്ച് നിറഞ്ഞപുഞ്ചിരിയുമായി നിന്നവർക്ക് പെട്ടെന്ന് വയറു ചാടുകയും പുഞ്ചിരി മായുകയും ചെയ്യുന്നു.
ഫാമിലി സിൽവർ ടിക്കറ്റെടുത്ത് മുൻപിൽ തന്നെ ഇരിപ്പിടം കരസ്ഥമാക്കിയിരുന്ന നോർത്ത് വെസ്റ്റ് ലണ്ടനിലെ സയാമീസ് ഇരട്ടകൾ കാസ്പ്പറും സജിയും പുറത്തേക്ക് ഓടുന്നതിനുമുമ്പ് കാസ്പ്പർ തൂവാലയെടുത്ത് കസേരയിലിടുന്നത് കണ്ട് സജി ചോദിച്ചു
അതെന്തിനാ

തിരിച്ചുവരുമ്പോൾ ഇവിടെതന്നെ ഇരിക്കാനാ

അതു വേണ്ട കാസ്പ്പറേ കസേരയിൽ നമ്മുടെ പേരെഴുതിയിട്ടുണ്ടല്ലോ

എന്നാൽ പിന്നെ തൂവാല കളയണ്ടല്ലേ ടോയ്ലറ്റിൽ നിന്നും പാന്റിന്റെ സിബ്ബ് വലിച്ചിട്ടുകൊണ്ട് പുറത്തേയ്ക്ക് ചാടുന്നവർ,” എന്നെയിട്ടേച്ച് ഓടാതെടീ” എന്ന് പറഞ്ഞ് ഓടുന്ന മകളുടെ പുറകെയോടുന്ന നാട്ടിൽ നിന്നെത്തിയ അമ്മച്ചി.

കാർപാർക്കിൽ പൊങ്ങിനിന്ന നൂറുകണക്കിന് കാറുകളുടെ പിൻ വാതിലുകൾ ഒരേ സമയത്ത് അടയുന്നു. ഒപ്പം കുടിവെള്ള കുപ്പികളുടെ അടപ്പുകളും.
ഗ്യാസ് സ്റ്റൗവും പാത്രങ്ങളുമായിവന്ന് കാർപാർക്കിൽ വച്ചു തന്നെ ടച്ചിംഗ്സ് ഉണ്ടാക്കി പരിചയക്കാരെയെല്ലാം വിളിച്ച് സൽക്കരിച്ചിരുന്ന ഫിലിപ്പ് പൂതൃക്കയിലിന്റെയും കൂട്ടരുടെയും ഗ്യാസടുപ്പിലെ തിരിയണയുന്നു.”കണ്ടാൽ കപ്പ പോലിരിക്കുമെങ്കിലും ഇതു ചക്കയാടാ എന്ന് പറഞ്ഞ് പിന്നെയും വിളമ്പുന്ന ഷോയി ചെറിയാന്റെ മറ്റെ കൈയ്യിൽ നിന്നും ഭാര്യ ഗ്ലാസ് പിടിച്ചു വാങ്ങുന്നു.
“അത് കളയല്ലേടി” എന്ന് പറഞ്ഞതുകേട്ട് ചേച്ചി തന്നെ ഗ്ലാസ്സിലുള്ളത് തീർത്തിട്ട് “എന്തിനാ ഇത്രയും വെള്ളമൊഴിക്കുന്നത്” എന്ന് പറഞ്ഞിട്ട് ഓടുന്നു.
ശുഭ്ര വസ്ത്രധാരികളായി ഫോട്ടോകളെടുത്ത് തുരുതുരാ FB യിൽ പോസ്റ്റി ഞാനിപ്പഴും കളത്തിലുണ്ടേ എന്ന് കാണിക്കാനായി മാത്രം കൺവൻഷനിൽ വരുന്നവരുടെ സംഘം ഇനി റാലി കഴിഞ്ഞിട്ട് ഫോട്ടോയെടുക്കാം എന്ന് പറഞ്ഞ് പിരിയുന്നു.
എല്ലാവരേയും കാണാനും പരിചയം പുതുക്കാനും വന്നവർ പരിചയക്കാരെകണ്ടിട്ട് ഒന്നും സംസാരിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ട്
യൂണിറ്റംഗങ്ങളെ തേടി നടക്കുന്നു.

നീയെവിടാ
ബാക്കി മുത്തുക്കുടയെവിടെ
ബാനർ ആരുടെ കാറിലാ
ക്നായിത്തോമായുടെ വടിയെവിടെ
ഇതുവരെ സാരി മാറിയില്ലേ
ഇനിയെപ്പഴാ ബലൂൺ വീർപ്പിയ്ക്കുന്നത്
കൺവൻഷൻ സെന്റെറിൽ ആകെ തിരക്കും പരക്കംപാച്ചിലും.

“റാലി തുടങ്ങുകയായി” പ്രസ്റ്റൺ യൂണിറ്റിലെ അനൂപ് അലക്സിന്റെ വാക്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി.
പകൽ പല പ്രാവശ്യം മഴ പെയ്തിരുന്നു എന്ന് വിശ്വസിയ്ക്കാനാവാത്ത വിധത്തിൽ സൂര്യൻ തെളിഞ്ഞുനിന്നു.
വുമൺസ് ഫോറം പ്രസിഡന്റ് സെലീന സജീവും UKKCYL പ്രസിഡന്റ് ജിയാ ജിജോയും കൺവൻഷന്റെ ബാനറുമായി മുകളിൽ തെളിയുന്ന സൂര്യനെപ്പോലെ നിറഞ്ഞ പുഞ്ചിരിയുമായി അഭിമാനത്തോടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയുമായി മുന്നിൽ നിന്നു. തങ്ങൾക്കുപിന്നിൽ ആകാശത്തോളമുയരുന്ന ആവേശവും അലകടലായി ഒഴുകിയെത്തുന്ന ജന സാഗരവും മുന്നിൽ നിന്നവർ അറിഞ്ഞില്ല.

ഒരേ രീതിയിലുള്ള വസ്ത്രധാരണം
ഉയരുന്ന നടവിളികൾ
നടക്കാൻപ്രായമാവാത്ത കുട്ടികൾക്കുപോലും യൂണിഫോം
പാറിപ്പറക്കുന്ന ബലൂണുകൾ
നിവർത്തിയ മുത്തുക്കുടകൾ
മുമ്പെങ്ങുമില്ലാത്ത ആവേശവുമായി “ഒരു ജനമൊഴുകിയണയുകയായി.”

കൺവൻഷനിൽ പങ്കെടുത്തവരുടെ നേർക്കാഴ്ച്ചയായി, ഊതിപ്പെരുപ്പിയ്ക്കാത്ത കണക്കുകളുമായി അവസാനശ്വാസം വരെ സമുദായത്തോടൊപ്പം എന്ന് പ്രഖ്യാപിച്ച് അണമുറിയാത്ത ആവേശമായി റാലി മുന്നേറുമ്പോൾ സ്വാഗത നൃത്തത്തിനു ശേഷമുള്ള റോബി മേക്കരയുടെ വാക്കുകളാണ് ഓർമ്മ വന്നത്.” UK യിൽ UKKCA ക്ക് തുല്യമായി UKKCA മാത്രം.”

A വിഭാഗത്തിലെ ചെറിയ യൂണിറ്റുകൾ പരമാവധി ആളുകളെയുമായി കൂടുതൽ പോയൻറുകൾ നേടാനായി കൃത്യമായ അകലം പാലിച്ചും പുരാതനപ്പാട്ടുകൾ പാടിയും ആപ്തവാക്യമുയർത്തിപ്പിടിച്ചും കടന്നുപോകുകയാണ്. ഇനി Group B യും കടന്നുപോയിട്ടുവേണം വലിയയൂണിറ്റുകളുടെ ഗ്രൂപ്പ് C യുടെ റാലി തുടങ്ങാൻ. സർവ്വസന്നാഹങ്ങളുമായി കാത്ത്നിന്ന് ഗ്രൂപ്പ് C യിലെ യൂണിറ്റുകൾ കാത്തുനിൽക്കുമ്പോഴാണ് മുൻ സെക്രട്ടറി സാജു ലൂക്കോസ് മറ്റൊരു മുൻ സെക്രട്ടറിയും UKKCA പൊതുയോഗത്തിന്റെ അവതാരകനുമായ മാത്തുക്കുട്ടിയെ കണ്ടത്.
” എടാ മാത്തുക്കുട്ടി ഹാളിനകത്ത് അയ്യായിരവും പുറത്ത് ആയിരവുമെന്നല്ലേ നീ പറഞ്ഞത്, ഇതൊരു പതിനായിരം പേരുണ്ടല്ലോ?”

(തുടരും)

Previous വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: പ്രസിഡൻറ് സിബി കണ്ടത്തിലിനും,സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom