മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
ക്നാനായ പൈതൃകം എൻ ജൻമാവകാശം അവസാനശ്വാസംവരെ കാത്തു സൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ പ്രവാസങ്ങളുടെ ഗാഥകളുമായി പ്രവാചക പരമ്പരയിലെ സന്തതികൾ ഒന്നാണ് ഞങ്ങൾ ഒറ്റക്കെട്ടാണ് ഞങ്ങൾ ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന് പ്രഖ്യാപിയ്ക്കുന്ന മഹാ സംഗമത്തിൻറെ വിസ്മയ ചാരുതയിലേക്ക് ഇനി 50 ദിവസങ്ങൾ.
ഒരുമയെ ഗാഡമായിപുണർന്ന്, തനിമയിൽ അനുനിമിഷം വളർന്ന്, കടൽത്തീരത്തെ മണൽത്തരിപോലെ പടർന്ന്, ജൻമം കൊണ്ടും കർമ്മം കൊണ്ടും ക്നാനായത്വം പാലിയ്ക്കുന്ന ജനസമുഹത്തിൻറെ, പ്രതിസന്ധികളുടെ തിരമാലകളിൽ പതറാതെ,പ്രതിബന്ധങ്ങളുടെ തീക്കനിൽ വാടാതെ,കാറ്റിലണയാതെ, കൈത്തിരിപോലെ കാത്തുസൂക്ഷിച്ചൊരു പൈതൃകം തലമുറകൾക്കേകുന്ന ജനത്തിൻ്റെ ഒത്തു ചേരലിൻ്റെ പുണ്യനിമിഷങ്ങൾക്ക് ഇനി വെറും 50 ദിവസങ്ങൾ. 21 മത് തവണയും UKKCA ഒരുക്കുന്ന സാഹോദര്യത്തിൻറെ സമഭാവനയുടെ സ്നേഹസംഗമത്തിൻറെ നദീ യിൽ, ക്നാനായ ജനമൊന്നുചേർന്ന് തുഴഞ്ഞു നീങ്ങുന്ന ചന്തമേറുന്ന കാഴ്ച്ചയുടെ പൊടിപൂരത്തിനിനി 50 ദിവസങ്ങൾ.
ആശ്രിതർക്കും അഭിമതർക്കും ആവശ്യം പോലെ വിളമ്പി കൊടുക്കുന്ന പദവികളല്ല, മറിച്ച് വളർച്ചയുടെ വഴിയിൽ കരുത്തേകുവാൻ കാവലാകുവാൻ 51 യൂണിറ്റിലെ കൂടാരയോഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർ ഒത്തുചേരുന്ന പരമോന്നത സമിതി- നാഷണൽ കൗൺസിൽ- അംഗങ്ങളാണ് കൺവൻഷൻ വിജയത്തിനായി അരയും തലയും മുറുക്കുന്നത്.
UKKCA പ്രസിഡൻറ് സിബി കണ്ടത്തിൽ,സെക്രട്ടറി സിറിൾ പനംകാല, ട്രഷറർ റോബി മേക്കര, വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പനത്താനത്ത്, ജോയൻറ് സെക്രട്ടറി ജോയി പുളിക്കീൽ, ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിൽ, അഡ്വൈസേഴ്സ്: ലൂബി വെള്ളാപ്പള്ളിൽ, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർ ഉൾപ്പെടുന്ന സെൻടൽ കമ്മറ്റിയംഗങ്ങൾ UK യിലെ മുഴുവൻ ക്നാനായ മക്കളേയും സ്നേഹപൂർവ്വം 21 മത് കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.