ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

അവരുറങ്ങാത്ത രാത്രി

ഇരുപതാമത് കൺവൻഷൻ തിരികളോരാന്നായി അണഞ്ഞു തുടങ്ങി. പുതിയ പ്രഭാതത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും ഉദിച്ചുയരാൻ സൂര്യൻ ചക്രവാളത്തിലെവിടെയോ മറഞ്ഞു. 19 മത് കൺവൻഷൻ നടന്നത് ഗ്ലോസ്റ്റർഷയറിലെ ജോക്കി ക്ലബ്ബിൽ വച്ചായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിപ്പിടമൊരുക്കിയ ഹാളിനുളളിൽ കാലു കുത്താൻ പോലുമാവാതെ ആയിരക്കണക്കിന് ആളുകൾ പുറത്തു നിൽക്കേണ്ടി വന്നതാണ്, കഴിഞ്ഞവർഷത്തേക്കാളും പത്തഞ്ഞൂറ് പേർ കൂടുതൽ വന്നാലും കുഴപ്പമില്ലെന്നു കരുതി അയ്യായിരം പേർക്കിരിയ്ക്കാവുന്ന സ്റ്റോൺലെ പാർക്ക് ബുക്ക് ചെയ്യുന്നതിന് കാരണമായത്.
എന്നിട്ടു ഹാളിനുള്ളിൽ കയറാൻ പറ്റാത്തവർ, wrist band തീർന്നുപോയത്, ഭക്ഷണം തികയാതെ വന്നത് അങ്ങനെ ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് സെൻട്രൽക്കമ്മറ്റിയംഗങ്ങൾ രാത്രിയേറെ നേരമിരുന്നു.

ജൂലായ് ഒൻപത് ഞായറാഴ്ച്ച.
അഞ്ചു മണിയാവുന്നതിന് മുമ്പേ പുലർവെട്ടം വീണു തുടങ്ങി.
രാത്രിയിൽ ഉറങ്ങാൻപറ്റാതിരുന്ന സിറിൾ പനങ്കാല മണിക്കൂറുകൾക്ക് മുമ്പ്,UK യിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ക്നാനായക്കാർ എത്തി വിജയിപ്പിച്ച കൺവൻഷൻസെന്റെറിന്റെ പരിസരങ്ങളിലൂടെ നടന്നു. ഇന്നലെ കാറുകളും കോച്ചുകളുമൊക്കെ നിറഞ്ഞു കിടന്നിരുന്ന സ്ഥലമൊക്കെ ഇപ്പോൾ വിജനം.
ആൾക്കൂട്ടവുമില്ല ആരവവുമില്ല.
കാർ പാർക്കിലൂടെ നടന്ന് പ്ലാസ്റ്റിക്ക് കപ്പുകളും കടലാസുകളുമൊക്കെ പെറുക്കി കറുത്ത ബാഗിലാക്കി കൊണ്ട് നടന്നു. വെറുതെയെന്തിന് അതിന്റെ പേരിൽ പിഴയടയ്ക്കണം.

അപ്പോഴാണ് ഗാഡമായ ചിന്തയിൽ പരിസരം മറന്ന് റോബി മേക്കര നടക്കുന്നത് കണ്ടത്.
“ഇതെന്താ റോബീ ഉറക്കമൊന്നുമില്ലേ”

“അല്ല സിറിളേ, ഞാനോർക്കുവായിരുന്നു, ഇന്നലെ ആൾക്കൂട്ടത്തെ നിയന്ത്രിയ്ക്കാനാവാതെ വന്നപ്പോൾ, നമ്മൾ book ചെയ്യാത്ത മറ്റൊരു ഹാൾ കൂടിയവർ തുറന്നുകൊടുത്തല്ലോ,
ഇനിയതിന് അവർ ചാർജ്ജ് ചെയ്യുമോ”

“ഇല്ലായിരിക്കും റോബീ നമുക്കു കിട്ടിയ ഉടമ്പടിയിൽ അതില്ലല്ലോ”

“പക്ഷെ നമ്മൾ പറഞ്ഞിരുന്നതിലും ഒരു രണ്ടായിരം പേർ എങ്കിലും കൂടുതൽ വന്നില്ലേ”

“വരൂ നമുക്ക് ഭക്ഷണം വിതരണം ചെയ്ത സ്ഥലത്തു പോകാം, അവിടെ എടുത്തുകളയാൻ എന്തെങ്കിലും ഉണ്ടോ യെന്ന് നോക്കാം.

കൺവൻഷന്റെ തലേന്ന് കൺവൻഷൻ നഗരിയിൽ സ്ഥാപിച്ച മുത്തുക്കുടകളും, കൊടികളും, കവാടത്തിലെ’സ്വാഗതം’ ബോർഡുമൊക്കെ അഴിച്ചുമാറ്റിക്കൊണ്ടിരുന്ന റോബിൻസ് പഴുക്കായിലും ഫിലിപ്പ് പനത്താനത്തും അരോടൊപ്പം ചേർന്നു.

അവിടെ എത്തിയപ്പോൾ അവർ കണ്ടത് സിബി കണ്ടത്തിൽ രജിസ്ട്രേഷൻ കൗണ്ടറിനായി ഉണ്ടാക്കിയ കൂടാരം വൈദ്യുത വാൾ കൊണ്ട് ചെറിയ കഷണങ്ങളായി മുറിച്ച് വാനിൽ കയറ്റുന്നതാണ്.
” എന്താ സിബി ച്ചേട്ടാ ഇത്ര രാവിലെ തന്നെ”

അവർ വരുന്നതിനു മുമ്പേ എല്ലാം പഴയതുപോലെ തന്നെയാക്കി വൃത്തിയാക്കിയിടാമെന്ന് വച്ചു”.

അവളില്ലാത്ത ആദ്യ കൺവൻഷൻ

ജോയൻറ് സെക്രട്ടറി ജോയി പുളിക്കിൽ മ്ലാനവദനനായി ഹാളിൽ നിന്നിറങ്ങി അവരുടെയടുത്തേയ്ക്ക് വന്നു.

“ഇന്നലെ ദിവ്യബലിയിലെ വായനയ്ക്കു വേണ്ടി കൊണ്ടു വന്ന എന്റെ വിശുദ്ധ ബൈബിൾ നഷ്ടപ്പെട്ടു.ഞാനിനി തിരയാത്ത സ്ഥലമില്ല, അതെനിക്ക് ഏറെ പ്രിയപ്പെട്ട ബൈബിളാണ്, അത് കിട്ടാതെ ഞാൻ ഇവിടെനിന്നും പോകില്ല.”

വെറും രണ്ടു മാസങ്ങൾക്കുമുമ്പാണ്, ജോയി പുളിക്കീലിന്റെ ഭാര്യ സിസിലി ജോയി, ഭർത്താവിനെയും മക്കളെയും തനിച്ചാക്കി മാലാഖമാരുടെ നാട്ടിലേക്ക് യാത്രയായത്.കൺവൻഷനു വേണ്ടി മക്കളെയും കുട്ടി തലേ ദിവസം തന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ ഒരു നൊമ്പരമായി, ഒരു നേർത്ത തേങ്ങലായി ഒത്തിരി ഓർമ്മകളായി,
അവളൊപ്പമുണ്ടായിരുന്നു.
ലിറ്റർജി കമ്മറ്റി കൺവീനറായി ദിവ്യബലിയുടെ ഏറ്റവും മുന്നിൽ കൈകൾ കുപ്പി നിൽക്കുമ്പോൾ മിഴികൾഅറിയാതെ നനയുന്നുണ്ടായിരുന്നു.ആശുപത്രിക്കിടക്കയിൽ വച്ച് വിവാഹ വാർഷിക ദിനത്തിൽ സിസിലി അവസാനമായി നൽകിയ സമ്മാനം.ഇനി എല്ലാ ജൻമദിനങ്ങൾക്കും, എല്ലാ വിവാഹവാർഷികങ്ങൾക്കും, എല്ലാ പിത്യദിനങ്ങൾക്കുമായി നൽകിയ സമ്മാനം.

ഇതുപോലൊരു വിശുദ്ധ ഗ്രന്ധം സാക്ഷിയാക്കി മരണം വരെ ഏക മനസ്സായി ജീവിയ്ക്കുമെന്ന് പ്രതിഞ്ജ ചെയ്തതിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച ബൈബിൾ.

ഓരോ താളുകളിലും അവളുടെ വിരലുകൾ ഓടി നടന്ന ബൈബിൾ. അവളുണ്ടായിരുന്ന സുന്ദരകാലത്തെ ഓർമ്മകളുമായി ഒത്തിരി ഫോട്ടോകൾ സൂക്ഷിച്ച ബൈബിൾ.
‘നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം’
അതൊരു സാധാരണ ബൈബിളല്ല തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്
ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ദയവായി തിരികെ നൽകണമമെന്ന് അപേക്ഷിച്ച് നാഷണൽ കൗൺസിലിന്റെ ഗ്രൂപ്പുകളിൽ ജോയി സന്ദേശമയച്ചു

ഒന്നു രണ്ടു ദിവസങ്ങൾക്കുശേഷവും നഷ്ടപ്പെട്ട ബൈബിളിനെകുറിച്ച് വിവരമൊന്നും കിട്ടാതായപ്പോൾ കൺവൻഷന്റെ ലൈവ് ടെലികാസ്റ്റ് പിൻതുടർന്ന് ബൈബിൾ എവിടെകാണെന്ന് സിറിൾ പനം കാല കണ്ടുപിടിച്ച് ജോയി പുളിക്കീലിനെ വിവരമറിയിച്ചു.സമാനതകളില്ലാത്ത കൺവൻഷൻ ഓരോ ക്നാനായക്കാരനും ഓർത്തുവയ്ക്കാൻ ഒത്തിരി ഓർമ്മകൾ നൽകിയാണ് കടന്നുപോയത്

Previous ക്‌നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 2- പിടിവിട്ട കൺവൻഷൻ

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom