വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: പ്രസിഡൻറ് സിബി കണ്ടത്തിലിനും,സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി ഒഴുകിയെത്തിയപ്പോൾ പിറന്നുവീണത് ചരിത്രനിമിഷങ്ങൾ. UKKCA യുടെ ഏറ്റവും വലിയ കൺവൻഷൻ വേദി അയ്യായിരം ആളുകളുമായി തിങ്ങിനിറഞ്ഞപ്പോൾ, ക്നായിത്തൊമ്മൻ നഗർ എന്ന് നാമകരണം ചെയ്ത കൺവൻഷൻ ഹാളിനുള്ളിൽ കയറാനാവാതെ പ്രവേശന കവാടത്തിൽ തടിച്ചുകൂടിയത് ആയിരത്തിലധികം പേർ. സ്റ്റോൺലെ സെക്യൂരിറ്റി അധികൃതർ പ്രവേശന കവാടത്തിലെ തിക്കിലും തിരക്കിലും പെട്ടുപോയ പ്രായമായ മാതാപിതാക്കളെ സഹായിക്കാനാവാതെ നട്ടം തിരിഞ്ഞപ്പോൾ 51 യൂണിറ്റുകളിലെ നാഷണൽ കൗൺസിൽ അംഗങ്ങൾ തിരക്കിനെ നിയന്ത്രണവിധേയമാക്കാൻ ഓടിയെത്തിയ മനം കുളിർപ്പിയ്ക്കുന്ന കാഴ്ച്ചയാണുണ്ടായത്. രണ്ടായിരം കാറുകൾ പാർക്കുചെയ്യാവുന്ന സ്റ്റോൺലെ കാർ പാർക്ക് നിറഞ്ഞുകവിഞ്ഞപ്പോൾ, പ്രധാന പ്രവേശന കവാടം ആദ്യമായി അടച്ചിടുകയാണെന്ന് അധികൃതർ UKKCA ഭാരവാഹികളെ അറിയിച്ചപ്പോൾ കൺവൻഷൻ സെന്ററിനുള്ളിൽ പോലും കയറാനാവാതെ വന്ന ഹതഭാഗ്യരെ എങ്ങനെ സഹായിക്കണമെന്നത് ആശയകുഴപ്പമുണ്ടാക്കി.

യൂണിറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളനുസരിച്ച് അയ്യായിരം ആളുകൾ പങ്കെടുക്കുമെന്നായിരുന്നു UKKCA ഭാരവാഹികളുടെ പ്രതീക്ഷ.രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾക്ക് അധികമായി നൽകിയ ആയിരം wrist band കൾ നൽകിയതിനുശേഷം വൈകിയെത്തിയവരുടെ കൈത്തണ്ടയിൽ മഷിയടയാളം പതിപ്പിച്ചാണ് പ്രവേശനം സാധ്യമാക്കിയക്ക്. ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയ്ക്കുശേഷം ആളുകൾ കൂട്ടമായി എത്തിയപ്പോൾ നിയന്ത്രിയ്ക്കാനാവാത്ത തിക്കുംതിരക്കുമാണ് ഭക്ഷണശാലകളിൽ ഉണ്ടായത്. അയ്യായിരം പേർക്കായി കരുതിയ ഭക്ഷണവിഭവങ്ങൾ പലതും പൂർണ്ണമായി തീർന്നുപോയപ്പോൾ ക്യൂവിൽ നിന്ന് വിഷമിച്ച നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ പരിചയമില്ലാത്തവർ പോലും ‘വാ അപ്പച്ചാ-അമ്മച്ചി’ എന്ന് വിളിച്ച് കാർ പാർക്കിൽ കൊണ്ടുപോയി കപ്പബിരിയാണിയും പോത്തിറച്ചിയും നൽകുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ച്ചകൾ സാധാരണയായിരുന്നു.

കൺവൻഷൻ പൊതുയോഗം തുടങ്ങിയതിന് ശേഷമെത്തിയ പ്രധാന അതിഥി- കൺസർവർട്ടീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും ആഷ്ഫീൽഡ് ആൻഡ് നോട്ടിംഗ്ഹാം എം പി യുമായ ലീ ആൻഡേർസനെ സെക്യൂരിറ്റി ജീവനക്കാർക്കുപോലും തടിച്ച് കൂടിയ ആളുകൾക്കിടയിലൂടെ അകത്ത് കടത്താനാവാത്ത അവസ്ഥയുണ്ടായപ്പോൾ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങളും നാഷണൽ കൗൺസിൽ അംഗങ്ങളും, സമയോചിതമായി ഇടപെട്ടാണ് അദ്ദേഹത്തെ വേദിയിലേക്ക് നയിച്ചത്.
ഇത്ര വലിയ ജനസാഗരത്തെ അഭിമുഖീകരിയ്ക്കാനായതിൽ പാർട്ടി പ്രവർത്തകതെന്നനിലയിൽ അഭിമാനമുണ്ടെന്നും, ആദ്യമായാണ് ഇത്ര വലിയ പ്രവാസി ആൾകൂട്ടം നേരിൽ കാണുന്നതെന്നും എം പി പ്രസംഗമധ്യേ പറയുകയുണ്ടായി.

ഫാ ജോബി പാറക്കച്ചെരുവിൻ പ്രധാന പ്രഭാഷണം നടത്തി. KCCNA ഷാജി എടാട്ട് UK യിലെ ക്നാനായക്കാരെ അഭിസംബോധന ചെയ്തു.
അഗതികൾക്കും ആലംബഹിനർക്കും മാനസികരോഗികൾക്കും തണലാവുന്ന പടമുഖം സ്നേഹമന്ദിരത്തിന്റെ സ്ഥാപകൻ Bro VC രാജുവിനെ കൺവൻഷനിൽ ആദരിച്ചു.

UK യിലെ ക്നാനായക്കാർ അഭിമാനത്തോടെ ആവേശത്തോടെ ഏറ്റെടുത്ത 20 മത് കൺവൻഷൻ വൻ ജനപങ്കാളിത്തത്തോടെ വിജയക്കൊടി പാറിയ്ക്കുമ്പോൾ UKKCA എന്ന സംഘടനയ്ക്ക് ക്നാനായക്കാരിലുള്ള സ്വാധീനവും സമുദായ സ്നേഹവുമാണ് വ്യക്തമാവുന്നത്.

Previous UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom