
തനിമയിൽ പുലരുന്ന ക്നാനായ ജനതയുടെ ചരിത്രം വിശദമായും ലളിതമായും താൽപ്പര്യജനകമായും പ്രതിപാദിയ്ക്കുന്ന ക്നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം പിറവം പൂജ്യരാജാക്കൻമാരുടെ ഫൊറോന പള്ളി ഹാളിൽ വച്ച് വിപുലമായ സദസ്സിനെ സാക്ഷിയാക്കി നടന്നു. UKKCA യുടെ സമുദായ പഠനക്ലാസ്സുകളിലെ ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കും അധ്യാപകർക്കും സഹായകമാവുന്ന രീതിയിലാണ് ഈ പുസ്‌തകം ക്രമീകരിച്ചിട്ടുള്ളത്.UKKCA അഡ്വൈസറും, PROയും,മുൻ ട്രഷററും, സമുദായ പഠന ക്ലാസ്സുകളുടെ പ്രധാന അധ്യാപകനുമായ മാത്യു പുളിയ്ക്കത്തൊട്ടിയിലാണ് ഗ്രന്ഥരചന നിർവ്വഹിച്ചത്.
പിറവം ഫൊറോനപ്പള്ളി വികാരി ഫാ.തോമസ് പ്രാലേലിനു പുസ്‌തകത്തിൻ്റെ കോപ്പി നൽകി UKKCA അഡ്വൈസർ ശ്രീ ലുബി മാത്യൂസ് വെള്ളാപ്പള്ളിയാണ് പ്രകാശനം നിർവ്വഹിച്ചത്. വിവിധ ലോക രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ ക്നാനായക്കാരുടെ ചരിത്രം പ്രതിപാദിയ്ക്കുന്ന പുസ്‌തകം ക്നാനായ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണെന്ന് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ച ഫാ. തോമസ് പ്രാലേൽ അഭിപ്രായപ്പെട്ടു.
കുടിയേറ്റ കുലപതി ക്നായിത്തോമായെകുറിച്ചും,മലബാർ കുടിയേറ്റ ശിൽപ്പി ഷെവലിയർ ജോസഫ് കണ്ടോത്തിനെക്കുറിച്ചും മലബാറിൽ ആതുരസേവനം നടത്തിയ ഡോ. മേരി കളപ്പുരയെക്കുറിച്ചുമൊക്കെ മറ്റെങ്ങുമില്ലാത്ത വിവരങ്ങൾ പ്രതിപാദിയ്ക്കുന്ന പുസ്‌തകം ഓരോ ക്നാനായ കുടുംബങ്ങളിലും സൂക്ഷിയ്ക്കാനും സമുദായത്തെക്കുറിച്ച് പഠിയ്ക്കാനുമുതകുന്ന അമൂല്യമായ ഗ്രന്ഥമാണ്.
ജർമ്മനിയിലും ആസ്ട്രേലിയയിലും നൂറുകണക്കിന് കോപ്പികൾ പുറത്തിറങ്ങുന്നതിനുമുമ്പേ ആവശ്യപ്പെട്ടിരിയ്ക്കുന്ന പുസ്‌തകത്തിൻ്റെ പ്രകാശനത്തിന് UKKCA ന്യൂകാസിൽ യൂണിറ്റ് മുൻ പ്രസിഡൻ്റ് ഷാജു കുടിലിൽ,മുൻ മാഞ്ചസ്‌റ്റർ യൂണിറ്റ് ട്രഷറർ സനൽ ജോൺ,നോർത്ത്വെസ്റ്റ് ലണ്ടൻ യൂണിറ്റ് മുൻ പ്രസിഡൻ്റുമാരായ ഡൈമാസ് വെള്ളാപ്പള്ളി,കാസ്പർ മാത്യു എന്നിവർ നേതൃത്വം നൽകി.
“ക്‌നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ” എന്ന പുസ്‌തകത്തിൻ്റെ വിതരണോത്ഘാടനം ജനുവരി 24 ന് UKKCA കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് UKKCA പ്രസിഡൻ്റ് ശ്രീ സിബി കണ്ടത്തിൽ,സെക്രട്ടറി സിറിൾ പനംകാല എന്നിവർ ചേർന്ന് നിർവ്വഹിയ്ക്കും.