മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA
ഇതര സഭാ സമുദായാംഗങ്ങൾ ആകാംക്ഷയോടും അതിശയത്തോടും നോക്കിക്കാണുന്ന, ആവേശത്തോടെ അലകടലിലെ തിരകളായി ഒരുമയുടെ മക്കൾ ഒഴുകിയെത്തുന്ന, സൂര്യനണയാത്ത നാട്ടിലെ അത്യപൂർവ്വ കാഴ്ച്ചകളിലൊന്നിന് തിരശീലയുയരുകയായി. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനകൊണ്ട്,കൂടുതൽ വിശാലമായ കൺവൻഷൻ വേദികൾ തേടിയുള്ള അന്വേഷണത്തിന് ഇനിയും വിരാമമാവാത്ത സമാനതകളില്ലാത്ത കൺവൻഷന് കൗണ്ട് ഡൗൺ തുടങ്ങുകയായി. ഒരു പോയന്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായ റാലിയെന്ന UK യിലെ പൂരങ്ങളുടെ പൂരം പോലൊന്ന് യാഥാർത്ഥ്യമാവുന്നത് കാടുവെട്ടിത്തെളിച്ച് കുടിയേറിയ ക്നാനായക്കാരന്റെ ചങ്കുറപ്പ് മാത്രമല്ല ക്നാനായ രക്തത്തിന്റെ ചൂടും കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് UKയിലെ വലുതും ചെറുതുമായ പ്രവാസി സമൂഹത്തിൽ ക്നാനായ കൺവൻഷൻ വ്യതിരക്തതയുടെ മക്കളുടെ വേറിട്ട കാഴ്ച്ചയാവുന്നത്. ഓലപ്പാമ്പിനെ മെടെഞ്ഞെടുത്ത് ക്നാനായകൺവൻഷന് മണൽഭിത്തികെട്ടാതായി അതേദിവസം മെഗാഷോയും നാട്ടുസംഗമവുമൊക്കെ നടത്തിനോക്കിയവരൊക്കെ ക്നാനായജനത്തിന്റെ മലവെള്ളപ്പാച്ചിലിൽ പാമ്പിനേയും മടക്കിക്കെട്ടി ഓടിയിട്ടേയുള്ളൂ. ബർമിംഗ്ഹാമിലെ ടെൽഫോർഡ് ഇന്റർനാഷണൽ പാർക്കിന്റെ അനന്തവിശാലതയിൽ അണിഞ്ഞൊരുങ്ങുന്ന കൺവൻഷൻ വേദിയിൽ അലയടിക്കുന്ന, കൺവൻഷന്റെ ആത്മാവായി മാറുന്ന, സ്വാഗതഗാനത്തിൻറെ വരികൾക്ക് നിദാനവാവുന്ന, റാലിയിൽ യൂണിറ്റുകൾ ഉയർത്തിപ്പിടിക്കുന്ന കൺവൻഷന്റെ അപ്തവാക്യത്തിനായി അറുപതോളും എൻട്രികളാണ് ഇതിനകം ലഭിച്ചത്. 21 മത് കൺവൻഷൻ ക്നാനായ ജനത ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ സുചനയാണിത്. ഫെബ്രുവരി 25 യാണ് ആപ്തവാക്യങ്ങൾ സമരപ്പിയ്ക്കാനുള്ള അവസാന തിയതി. തെരെഞ്ഞെടുക്കപ്പെടുന്ന ആപ്തവാക്യം നൽകുന്നയാളെ കൺവൻഷൻ വേദിയിൽ ആദരിയ്ക്കുന്നതാണ്.